പുതിയ തലമുറ ഒട്ടും ‘പോളിറ്റിക്കലല്ല’ എന്ന ആരോപണം മുതിര്‍ന്നവര്‍ക്ക് ഇനി അത്ര എളുപ്പത്തില്‍ ഉന്നയിക്കാനാവില്ല. തുനീഷ്യയില്‍ നിന്ന് തുടങ്ങി ഈജിപ്തിലൂടെ പടരുന്ന, എകാധിപത്യത്തിനെതിരായ ജനകീയ പ്രക്ഷോഭങ്ങളുടെ രൂപവും ശൈലിയും പുതിയ തലമുറയെക്കുറിച്ചുള്ള ആശങ്കകള്‍ അസ്ഥാനാനെന്നു അടിവരയിടുന്നു. തങ്ങള്‍ ജീവിക്കുന്ന‘അയഥാര്‍ത്ഥ ലോക’ത്തിന്റെ സാധ്യതകളെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്‍റെ ഉപകരണങ്ങളാക്കി മാറ്റി, ഈ തലമുറ ഭൂമിയില്‍ നിലനില്‍ക്കാനുള്ള തങ്ങളുടെ കഴിവും അര്‍ഹതയും തെളിയിക്കുമ്പോള്‍, ഈജിപ്ത്യന്‍ വിപ്ലവത്തിന് ‘യൂത്ത് റിവോള്‍ട്ട്’ എന്ന് കൂടി പേര് വീഴുകയാണ്.
വിവര സാങ്കേതികവിദ്യ ഒരുക്കുന്ന കെണികളില്‍ കുരുങ്ങി പൊലിഞ്ഞ് തീരുന്നവര്‍ എന്നാണ് മുതിര്‍ന്നവര്‍ സഹതാപം കലര്‍ന്ന ഭാഷയില്‍ ഏറ്റവും ഇളം തലമുറയെ വിശേഷിപ്പിക്കുന്നത്. ആ ഇളം തലമുറയാണ് ഉജ്ജ്വലമായ ഒരു പ്രക്ഷോഭത്തെ തങ്ങളുടെ ലോകത്തിലെ സങ്കേതങ്ങളുപയോഗിച്ച് നിര്‍മ്മിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നത്.
വിവര സാങ്കേതിക വിദ്യയുടെ സാധ്യതകളെ സാംസ്കാരികമായും രാഷ്ട്രീയപരമായും പ്രോയോജനപ്പെടുത്താന്‍ നിരവധി വഴികലുന്ടെന്ന് അഭിപ്രായപ്പെടുന്ന ധാരാളം ആളുകള്‍ ലോകത്തുണ്ട്. എന്നാല്‍ അവരെയൊക്കെ അമ്പരപ്പിക്കുംവിധമാണ് സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളും പുതിയ കമ്മ്യൂണിക്കേഷന്‍ ഉപാധികളും ഇപ്പോഴത്തെ പ്രക്ഷോഭത്തില്‍ ഉപയോഗപ്പെടുത്തപ്പെട്ടത്. ഒരു പക്ഷെ, മദ്ധ്യേഷ്യയിലെയും ഉത്തരാഫ്രിക്കയിലെയും രാഷ്ട്രീയഭൂപടം തന്നെ മാറ്റിവരച്ചേക്കാവുന്ന ഈ പ്രക്ഷോഭത്തില്‍ വിവര സാങ്കേതികവിദ്യ തന്നെയാണ് താരം.
1980 മുതല്‍ ഈജിപ്ത് അടക്കി ഭരിച്ചുകൊണ്ടിരിക്കുന്ന ഹുസ്നി മുബാറക്കിനോടുള്ള പ്രതിഷേധമാണ് വിപ്ലവത്തിന് കാരണമാവുന്നത്. ഇതിനിടയില്‍ നിരവധി തെരഞ്ഞെടുപ്പുകള്‍ നടന്നെങ്കിലും വ്യാപകമായ കൃത്രിമം കാണിച്ച് മുബാറക്ക് തന്‍റെ അധികാരം നിലനിര്‍ത്തുകയായിരുന്നു. അഴിമതിയിലും തോഴിലില്ലായ്മയിലും ദാരിദ്ര്യത്തിലും ആണ്ട് പോയ ഈജിപ്ഷ്യന്‍ ജനത മുബാറക്കിന്‍റെ ഏകാധിപത്യ ഭരണത്തില്‍ ഏറെ അസ്വസ്ഥരായിരുന്നു. ഇതിനിടയില്‍ ദേശീയ പോലീസ് ദിനമായ ജനുവരി 25-ന് പ്രതിഷേധ ദിനമായി ആചരിക്കാന്‍ ‘ഏപ്രില്‍ 6 യൂത്ത് മൂവ്മെന്‍റ്’ആഹ്വാനം ചെയ്യുന്നതോടെയാണ് വിപ്ലവം ആരംഭിക്കുന്നത്.
2008 ഏപ്രില്‍ 6 -ന് ഒരു സമരം സംഘടിപ്പിക്കാന്‍ തീരുമാനിച്ച അല്‍മഹല്ല അല്‍-കുബ്ര എന്ന വ്യവസായ നഗരത്തിലെ തൊഴിലാളികളെ പിന്‍തുണക്കുന്നതിനായി രണ്ട് യുവാക്കള്‍ മുന്‍കൈയെടുത്ത് ഉണ്ടാക്കിയ ഫയ്സ്ബുക്ക് ഗ്രൂപ്പാണ് ‘ഏപ്രില്‍ 6 യൂത്ത് മൂവ്മെന്‍റ്’. സംഘടനാ സ്വഭാവമോ ഓഫീസോ നേതൃത്വമോ ഇല്ലാത്ത ഈ ‘അയഥാര്‍ത്ഥ സംഘടന’ക്ക് യുവാക്കള്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണുള്ളത്. ഏറ്റവും ചലനാത്മകമായ സംവാദങ്ങള്‍ (Dynamic Debates) നടക്കുന്ന ഈ ഗ്രൂപ്പിനെ ‘പോളിറ്റിക്കള്‍ ഫെയ്സ്ബുക്ക് ഗ്രൂപ്പ്’ എന്നാണു ദ ന്യൂയോര്‍ക്ക് ടൈംസ് വിലയിരുത്തിയത്. 2009ജനുവരിയില്‍ തന്നെ ഏപ്രില്‍ 6 യൂത്ത് മൂവ്മെന്‍റ് മെമ്പര്‍മാരായി 70,000-ലധികം വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്നു. ഇവരില്‍ മഹാഭൂരിഭാഗവും മുന്‍പ് യാതൊരു സ്വഭാവത്തിലുമുള്ള രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഏര്പ്പെട്ടിട്ടുള്ളവരായിരുന്നി ല്ല എന്നാണു രാഷ്ട്രീയ നിരീക്ഷകര്‍ വ്യക്തമാക്കുന്നത്. ഈ ഗ്രൂപ്പിന്‍റെ പ്രധാന അജണ്ട സ്വതന്ത്രമായ ആശയ വിനിമയത്തിനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടിയും ഗവണമേന്ടിന്‍റെ പക്ഷപാതപരമായ പ്രവര്‍തനങ്ങള്‍ക്കെതിരെയും സംസാരിക്കുക എന്നതായിരുന്നു. രാഷ്ട്രത്തിന്‍റെ സാമ്പത്തിക അസ്ഥിരതയും അവര്‍ മുഖ്യചര്‍ച്ചാ വിഷയമാക്കി. ഫേസ്‌ബുക്കിലുള്ള അവരുടെ ചര്‍ച്ചാവേദി തീ പാറുന്ന വാഗ്വാദങ്ങളാല്‍ സജീവമാണ്..
ഏപ്രില്‍ 6 യൂത്ത് മൂവ്മെന്‍റ് ആഹ്വാനത്തെതുടര്‍ന്നു ജനുവരി 25–ന് ഈജിപ്തിന്‍റെ വ്യത്യസ്ത ഭാഗങ്ങളില്‍ പതിനായിരങ്ങള്‍ ഒരുമിച്ചുകൂടി. ക്രമേണ നാട്ടിലെ സാധാരണക്കാരും ഈ റാലികളില്‍ പങ്കുചേരാന്‍ എത്തിയപ്പോള്‍ ഈജിപ്ത് കണ്ട ഏറ്റവും വലിയ ജനാധിപത്യ-രാഷ്ട്രീയ പ്രക്ഷോഭത്തിന് തുടക്കം കുറിക്കുകയായിരുന്നു. ട്വിറ്ററിലൂടെയും ഫേസ്‌ബുക്കിലൂടെയും ഈ മുന്നേറ്റത്തിന്‍റെ വിവരങ്ങള്‍ അറിയുവാന്‍ സമരത്തില്‍ പങ്കെടുക്കാനായി തെരുവിലിറങ്ങുന്നതാണ് ഇപ്പോള്‍ സംഭവിക്കുന്നത്.
ഈ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ ഈജിപ്ത് ഗവണ്‍മെന്‍റ് തുടക്കം മുതലേ ശ്രമിക്കുന്നുണ്ട്. ദ്രിശ്യ-ശ്രാവ്യ മാധ്യമങ്ങള്‍ക്ക് നിയന്ത്രണങ്ങളെര്‍പ്പെടുത്തിയും കമ്മ്യൂണിക്കേഷന്‍ ഉപാധികളെ നിരോധിച്ചുമാണ് സര്‍ക്കാര്‍ ഇതിനു ശ്രമിച്ചത്. അമേരിക്കയുടെ നേതൃത്വത്തില്‍ ഇറാഖിലും അഫ്ഘാനിസ്ഥാനിലുമടക്കം മധ്യേഷ്യന്‍ രാഷ്ട്രങ്ങളില്‍ നടക്കുന്ന ജനാധിപത്യവിരുദ്ധമായ അധിനിവേശങ്ങളെ തുറന്നു കാണിച്ച അല്‍ജസീറയുടെ സംപ്രേക്ഷണം ഈജിപ്ത് സര്‍ക്കാര്‍ റദ്ദ് ചെയ്യുകയുണ്ടായി. ഈജിപ്തിന്‍റെ വാര്‍ത്താവിനിമയ ഉപഗ്രഹമായ നെയില്‍സാറ്റില്‍ അല്‍ജസീറക്ക് അനുവദിച്ച ഫ്രീക്വന്‍സി ഇല്ലാതാക്കിക്കൊണ്ടായിരുന്നു ഇത്. പക്ഷെ, ഈ സംഭവത്തെ തുടര്‍ന്ന് വ്യത്യസ്ത രാഷ്ട്രങ്ങളില്‍നിന്നുള്ള പത്തോളം ചാനലുകള്‍ തങ്ങളുടെ സംപ്രേക്ഷണം നിര്‍ത്തിവെച്ച് തങ്ങളുടെ ഫ്രീക്വന്‍സികള്‍ അല്‍ജസീറക്ക് കൈമാറുകയുണ്ടായി. ഈ സൌകര്യമുപയോഗിച്ചുകൊണ്ടാണ് അല്‍ജസീറ ഇപ്പോള്‍ സംപ്രേക്ഷണം ചെയ്തുകൊണ്ടിരിക്കുന്നത്. അല്‍ജസീറക്ക് സൌകര്യമൊരുക്കിയ ലബനാന്‍ ചാനല്‍ ‘അല്‍ജദീദ’ ഇപ്പോള്‍ ഈജിപ്ഷ്യന്‍ ഗവണ്മെന്റിന്റെ ഭീഷണി നേരിടുകയാണ്.
കാലിഫോര്‍ണിയ യൂനിവേര്‍സിറ്റിയിലെ ബിരുദവിദ്യാര്‍ഥിയായ ജോണ്‍ സ്കോട്ടിന്‍റെ അനുഭവം ഏറെ കൌതുകകരമാണ്. ജോണ്‍ സ്കോട്ട് റെയിടണ് ധാരാളം ഈജിപ്ഷ്യന്‍ സുഹൃത്തുക്കളുള്ള ഒരു യുവാവാണ്. നിരവധി തവണ ഈജിപ്ത് സന്ദര്‍ശിച്ചിട്ടുള്ള ജോണ്‍ ഫെയ്സ്ബുക്കിലൂടെയും ട്വിറ്ററിലൂടെയുമായിരുന്നു തന്‍റെ സുഹൃദ്‌ബന്ധങ്ങള്‍ പ്രധാനമായും നിലനിര്‍ത്തിയിരുന്നത്. എന്നാല്‍ പ്രക്ഷോഭത്തെ നിര്‍വ്വീര്യമാക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ഇന്റര്‍നെറ്റ് സേവനം അവസാനിപ്പിച്ചതോടെ ജോണിന് ഈജിപ്തിലെ സുഹൃത്തുക്കളെ ബന്ധപ്പെടാന്‍ വഴിയില്ലാതെയായി. തുടര്‍ന്ന് ജോണ്‍ സ്കോട്ട് ഈജിപ്തിലുള്ള തന്‍റെ സുഹൃത്തുക്കളെ മൊബൈലില്‍ ബന്ധപ്പെടാന്‍ തുടങ്ങി. അവരുമായുള്ള സംസാരം റെക്കോര്‍ഡ് ചെയ്ത് ട്വിറ്ററിലൂടെ വോയിസ് ട്വിറ്റ് ചെയ്യാന്‍ തുടങ്ങി. Jan25voices എന്ന പേരില്‍ ജോണ്‍ ആരംഭിച്ച വോയിസ് ട്വിറ്റ് ഗ്രൂപ്പിന് ഇതിനകം 6327 ഫോളോവേഴ്സ് ഉണ്ട്. എന്നാല്‍ സര്‍ക്കാര്‍ മൊബൈല്‍ ഫോണും ജാം ചെയ്തപ്പോള്‍ ജോണ്‍ സുഹൃത്തുക്കളുടെ വീട്ടിലെ ലാന്‍ഡ് ഫോണിലേക്ക് വിളിക്കാന്‍ തുടങ്ങി. മിക്ക വീടുകളിലും ഫോണ്‍ എടുക്കുന്നത് പ്രായമുള്ള ആളുകളാണെന്നാണ് ജോണ്‍ അല്‍ജസീറയുടെ ലൈവ് ഷോയില്‍ പറഞ്ഞത്. കാരണം സുഹൃത്തുക്കളെല്ലാം തെരുവില്‍ പോരാട്ടത്തിലാണ്. മുതിര്‍ന്നവര്‍ ഫോണിന്‍റെ റിസീവര്‍ പുറത്തേക്ക് നീട്ടിപ്പിടിക്കുമ്പോള്‍ തെരുവില്‍ പോരാളികളുടെ ശബ്ദമുയരുന്നത് ജോണ്‍ കേട്ടു. അത് റിക്കോര്‍ഡ് ചെയ്ത് Jan25voices–ലൂടെ ട്വിറ്റ് ചെയ്യുകയാണ് ജോണിപ്പോള്‍. സര്‍ക്കാരിന്‍റെ എല്ലാ നിയന്ത്രനങ്ങളെയും മാറികടന്ന് തന്‍റെ സുഹൃത്തുക്കളുടെ നാട്ടില്‍ നിന്നുള്ള വിവരങ്ങള്‍ ലോകത്തിനു മുന്‍പില്‍ എത്തിച്ച ജോണ്‍ സ്കോട്ടിനെക്കുറിച്ച്, 'Meet the man tweeting Egypt's voices to the world' എന്ന പേരില്‍ ടൈം മാഗസിന്‍ പ്രത്യേക റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഏറെ പ്രശസ്തരായ ഗൂഗിളും പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കി ഈജിപ്തില്‍ നിന്നുള്ള വാര്‍ത്തകള്‍ പുറം ലോകത്തെത്തിക്കാന്‍ ശ്രമിക്കുന്നുണ്ട്. ട്വിറ്ററില്‍ Speak2tweet എന്ന പേരില്‍ പുതിയൊരു അക്കൌണ്ട് ഗൂഗിള്‍ ആരംഭിച്ചിട്ടുണ്ട്. ഗൂഗിള്‍ തങ്ങളുടെ വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ള മൂന്ന് ഇന്‍റര്‍നാഷണല്‍ ഫോണ്‍നമ്പറുകള്‍ ലോകത്തുള്ള ആര്‍ക്കും ശബ്ദസന്ദേശം അയക്കുന്നതിനായി ഉപയോഗിക്കാം. ഇങ്ങനെ അയക്കപ്പെടുന്ന സന്ദേശങ്ങള്‍ യാതൊരു എഡിറ്റിങ്ങും കൂടാതെ Speak2tweet–ലൂടെ പുറം ലോകത്തിനു കേള്‍ക്കാം. ഈജിപ്ഷ്യന്‍ പ്രക്ഷോഭത്തെക്കുറിച്ച് ഈജിപ്തുകാരടക്കം ലോകത്തുള്ള മുഴുവന്‍ ആളുകള്‍ക്കും പങ്കെടുക്കാവുന്ന ഒരു സംവാദമായി Speak2tweet–ലെ ശബ്ദങ്ങള്‍ മാറുകയാണ്.
ഈജിപ്ഷ്യന്‍ സര്‍ക്കാര്‍ ഇന്‍റര്‍നെറ്റ് സംവിധാനം തടസ്സപ്പെടുത്തിയപ്പോള്‍ അതിനെ മാറികടക്കാന്‍ ധാരാളം കമ്പനികള്‍ രംഗത്ത് വരികയുണ്ടായി. സ്വതന്ത്രമായ ആശയവിനിമയ അവസരങ്ങള്‍(Free Speach)ക്കു വേണ്ടി നിലകൊള്ളുന്ന French Data Network (FDN)–ഉം (പ്രശസ്തമായ Wikeleaks Project–ല്‍ FDN സാങ്കേതിക സഹായം നല്‍കുകയുണ്ടായി) യൂറോപ്യന്‍ ന്യൂസ് ഏജന്‍സിയായ റലഹരീറശ-ഉം ഈജിപ്തിലെ ജനങ്ങള്‍ക്ക് ഫ്രീ ഡയലപ്പ് കണക്ഷന്‍ സൗകര്യം ഏര്‍പ്പെടുത്തുകയുണ്ടായി. ഇന്‍റര്‍നെറ്റ് യുഗത്തിന്റെ ആദ്യത്തില്‍ ഉപയോഗിച്ചിരുന്ന ഈ സംവിധാനം ഉപയോഗിച്ച് ഡയല്‍ ചെയ്യാവുന്ന ഒരു ഫോണ്‍ കയ്യിലുണ്ടെങ്കില്‍ ഇന്റര്‍നെറ്റില്‍ പ്രവേശിക്കാം. ഏറെ പതിയെ പ്രവര്‍ത്തിക്കുന്ന ഈ സംവിധാനത്തില്‍ കേക്കന്റില്‍ 56 കെബി ഡാറ്റ മാത്രമാണ് ഡൌണ്‍ലോഡ് ചെയ്യാനാവുക. ഇക്കാരണത്താല്‍ “56K റവല്യൂഷന്‍” എന്ന്കൂടി അറിയപ്പെടുന്നുണ്ട്.
ഈജിപ്ഷ്യന്‍ വിപ്ലവത്തിന് നിര്‍ണായക വഴിത്തിരിവായ തെഹ്രീര്‍ സ്ക്വയറിലെ പത്തു ലക്ഷം പേരുടെ റാലി നടത്തുന്ന സമയത്ത് 10 സെക്കന്റില്‍ 30,000 മുതല്‍ 40,000 വരെ എന്ന നിരക്കിലായിരുന്നു ട്വിറ്ററില്‍ സന്ദേശങ്ങള്‍ കൈമാറ്റം ചെയ്യപ്പെട്ടത്. പ്രസ്തുത മാര്‍ച്ചില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയ ഓല മുഹമ്മദ്, ആയിഷ സാദ് എന്നിവര്‍ മാര്‍ച്ചിനോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് Virtual March എന്ന പേരില്‍ ഒരു ഫെയ്സ്ബുക്ക് പേജ് ഉണ്ടാക്കി. ഫെബ്രവരി 1–ന് നിര്‍മ്മിച്ച ഈ പേജില്‍ ഈ കുറിപ്പ് തയ്യാറാക്കുന്ന സമയം വരെ (03-02-2011 2.17pm) 4,48,735 പേര്‍ അംഗങ്ങളായി ചേര്‍ന്നിട്ടുണ്ട്.
പ്രക്ഷോഭം ആരംഭിച്ച് ഒരാഴ്ച്ചക്കകം അല്‍ജസീറയുടെ ഇന്ഗ്ലിഷ് ചാനലിന് ഉണ്ടായ ട്രാഫിക് വര്‍ദ്ധനവ് 200%മാണ്. ഈ 200%ത്തില്‍ 60%വും അമേരിക്കയില്‍ നിന്നാണ് എന്നുള്ളതും ശ്രദ്ധേയമാണ്. അല്‍ജസീറയുടെ ഇംഗ്ലിഷ് ചാനലിന് വേണ്ടി വന്‍ സമ്മര്‍ദ്ദമാണ് അമേരിക്കന്‍ ജനതയില്‍ നിന്ന് അവിടെയുള്ള കേബിള്‍ ഓപ്പറേറ്റര്‍മാര്‍ അനുഭവിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അമേരിക്കന്‍ പൌരന്‍മാരില്‍ നിന്നുള്ള ഈ സമ്മര്‍ദ്ദം കാരണം അല്‍ജസീറ ഇതിനകം യൂട്യൂബ് ചാനല്‍ ആരംഭിച്ചു കഴിഞ്ഞു. ലൈവ് ടെലികാസ്റ്റിംഗ് നടക്കുന്ന അല്‍ജസീറ യൂട്യൂബ് ചാനല്‍ രണ്ടാഴ്ചക്കകം കാഴ്ച്ചക്കാരുടെ കാര്യത്തില്‍ യൂട്യൂബ് ചാനലുകളുടെ കൂട്ടത്തില്‍ ഒന്നാം സ്ഥാനം നേടിക്കഴിഞ്ഞു. അല്‍ജസീറയുടെ ഔദ്യോഗിക വെബ്സൈറ്റുകളിലുള്ള സന്ദര്‍ശകരുടെ കാര്യം ഇതിന് പുറമെയാണ്. അല്‍ജസീറ തങ്ങളുടെ സൈറ്റില്‍ അപ്പ്.ലോഡ് ചെയ്ത ഈജിപ്ഷ്യന്‍ ദൃശ്യങ്ങള്‍ ഇതിനകം കണ്ടത് 21,33,99,780 പേരാണ്.
ഇന്‍റര്‍നെറ്റ് തടസ്സപ്പെടുത്തി സമരത്തെ നിര്‍വീര്യമാക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാരിന്റെ നടപടിക്കെതിരെ ഇന്‍റര്‍നെറ്റ് ലോകത്തെ പ്രമുഖ ഹാക്കേഴ്സ് 'Anonymous' ഇതിനകം രംഗത്തെത്തിക്കഴിഞ്ഞു. വിക്കിലീക്സിനെതിരെ തിരിഞ്ഞ വിസ, മാസ്റ്റര്‍കാര്‍ഡ് പോലുള്ള ഭീമന്‍ കമ്പനികളുടെ വെബ്സൈറ്റുകള്‍ ആക്രമിച്ച് പ്രശസ്തരായ അനോനിമസ് ('Anonymous') ഈജിപ്ഷ്യന്‍ ജനതയോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കഴിഞ്ഞു. അറബിയിലും, ഇംഗ്ലീഷിലും തയ്യാറാക്കി ഇന്‍റര്‍നെറ്റില്‍ വിതരണം ചെയ്യപ്പെട്ടുക്കൊണ്ടിരിക്കുന്ന അവരുടെ നോട്ടീസുകളില്‍ ഈജിപ്ത് സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. സ്വതന്ത്രമായി സംസാരിക്കാനും കേള്‍ക്കാനും കൂട്ട് കൂടാനുമുള്ള ഈജിപ്തിലെ ജനങ്ങളുടെ അവകാശം ഹനിച്ച്ചാല്‍ അതിനു കനത്ത വില നല്‍കേണ്ടി വരുമെന്ന് അനോനിമസ് ('Anonymous') ഈജിപ്ത് സര്‍ക്കാരിനെ ഇതിനകം അറിയിച്ചു കഴിഞ്ഞു.
തൂനീഷ്യയില്‍ നടന്ന അധികാരമാറ്റത്തിലും പുതിയ മാധ്യമങ്ങള്‍ നിര്‍ണ്ണായകമായ പങ്കാണ് വഹിച്ചത്. പോലീസില്‍നിന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരില്‍നിന്നും ഗവര്‍ണ്ണരില്‍നിന്ന് പോലും അപമാനവും പീഡനവും അനുഭവിക്കേണ്ടി വന്ന ബിരുദ്ധധാരിയും തൊഴില്‍ രഹിതനുമായ തൂനീഷ്യന്‍ യുവാവ് മുഹമ്മദ് ബവാസീസിയുടെ ആത്മഹത്യയാണ് തൂനീഷ്യന്‍ വിപ്ലവത്തിലേക്ക് നയിച്ചത്. ആത്മഹത്യ ചെയ്യുന്നതിന് മുന്‍പ് ഉമ്മയെ അഭിസംബോധന ചെയ്തുകൊണ്ട് ബവാസീസി ഫെയ്സ്ബുക്കിലെഴുതിയ വികാരനിര്‍ഭരമായ കുറിപ്പ് വലിയൊരു വിപ്ലവത്തിന് വഴിയോരുക്കുകയായിരുന്നു. തൂനീഷ്യന്‍ വിപ്ലവം ആരംഭിച്ചതിനു ശേഷം അതിനെ വികസിപ്പിക്കുന്നതിനായി ഫെയ്സ്ബുക്കും ട്വിറ്ററും ഉപയോഗപ്പെടുത്തുകയായിരുന്നെങ്കി ല്‍, ഈജിപ്തില്‍ വിപ്ലവത്തിന്‍റെ മുന്നൊരുക്കങ്ങളും പടര്‍ന്ന് പിടിക്കലും നടന്നത് തന്നെ ഈ പുതിയ മാധ്യമങ്ങള്‍ ഉപയോഗിച്ചുകൊണ്ടായിരുന്നു. തൂനിശ്യയില്‍ സംഭവിച്ചത് പോലെ 12 –ഓളം പേര്‍ ഈജിപ്തിലും ആത്മഹത്യക്ക് ശ്രമിക്കുകയുണ്ടായി, എന്നാല്‍ അതൊന്നും ജനങ്ങളെ തെരുവിളിരക്കുന്നതിന് പര്യാപ്തമായിരുന്നില്ല. എന്നാല്‍ ഏപ്രില്‍ 6 യൂത്ത് മൂവേമെന്‍റ് തങ്ങളുടെ ഫെയ്സ്ബുക്ക് പേജില്‍ ജനുവരി 25–ന് പ്രതിഷേധ ദിനത്തിന് ആഹ്വാനം ചെയ്തപ്പോള്‍ അത് പതിയെ പതിയെ പടര്‍ന്ന് പിടിച്ച് വലിയൊരു പോരാട്ടമായി മാറുകയായിരുന്നു.
ഔദ്യോഗിക മാധ്യമ പ്രവര്‍ത്തനത്തെ (Official Journalism) പൗര മാധ്യമ പ്രവര്‍ത്തനം (Citizen Journalism) മറികടക്കുന്ന കാഴ്ചയാണ് നാം ഇപ്പോള്‍ ഈജിപ്തില്‍ കാണുന്നത്. അധികാരത്തിന്‍റെ നിയന്ത്രണമുള്ളത്കൊണ്ട് അതിനെ പ്രീതിപ്പെടുത്തുന്ന വാര്‍ത്തകളെ ഔദ്യോഗിക സംവിധാനങ്ങളിലൂടെ പുറത്തുവരൂ. അധികാരത്തിന്‍റെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് വാര്‍ത്തകള്‍ നിര്‍മ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്യുക എന്ന ജോലിയാണ് ഈ സംവിധാനം നിര്‍വഹിച്ചു കൊണ്ടിരിക്കുന്നത്. ഇത്തരം പരിമിതികളില്‍നിന്ന് മുക്തമാണ് പൗര മാധ്യമ പ്രവര്‍ത്തനം. ആധുനിക വിവര സാങ്കേതികവിദ്യയുടെ പിന്‍ബലത്തില്‍ തികച്ചും അനൌദ്യോഗികമായി പ്രവര്‍ത്തിക്കുന്ന പൗര മാധ്യമ പ്രവര്‍ത്തനം ഔദ്യോഗിക മാധ്യമ പ്രവര്‍ത്തനത്തെ അപ്രസ്ക്തമാക്കുകയും റദ്ദ് ചെയ്യുകയും ചെയ്യുന്ന കാഴ്ചയാണ് നാം ഈജിപ്തില്‍ കാണുന്നത്. ബീബീസിയും സീഎന്‍എന്നും അടക്കമുള്ള ഔദ്യോഗിക മാധ്യമങ്ങള്‍ക്ക് കള്ളം പറയാന്‍ കഴിയാത്ത വിധം കാഴ്ചകള്‍ക്കും വാര്‍ത്തകള്‍ക്കും തെളിച്ചമുണ്ടാക്കി പൗരമാധ്യമങ്ങള്‍ മുന്നേറുകയാണ്.
ജനപക്ഷത്തുനിന്നുള്ള എല്ലാ മുന്നേറ്റങ്ങളെയും അടിച്ചമര്‍ത്താന്‍ അധികാരം എക്കാലത്തും ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ തുനീഷ്യയില്‍ നിന്ന് തുടങ്ങി ഈജിപ്തിലൂടെ പടരുന്ന ഈ വിപ്ലവം അധികാരത്തിനു കൈവെക്കാന്‍ കഴിയാത്ത വിധം അയഥാര്‍ത്ഥ(Virtual)മാണെന്നതാണ് കാര്യം. ഏപ്രില്‍ 6 യൂത്ത് മൂവ്മെന്‍റ് ഒരു സംഘടനയല്ല; അതിനാല്‍ തന്നെ സര്‍ക്കാരിന് ഇതിനെ നിരോധിക്കാനാവില്ല! ഈ കൂട്ടായ്മയ്ക്ക് നേതൃത്വമില്ലാത്തതിനാല്‍ അവരെ അറസ്റ്റ് ചെയ്യാനോ ഒഫീസില്ലാത്തതിനാല്‍ റെയ്ഡ് നടത്താനോ കഴിയില്ല!! അയഥാര്‍ത്ഥമായ ഒരു ലോകത്ത് നടക്കുന്ന പടയോരുക്കത്തെ എങ്ങനെ, എവിടെ പ്രതിരോധിക്കണമെന്ന് പിടികിട്ടാതെ ഒരു ഏകാധിപത്യ ഭരണകൂടം പതറി നില്‍ക്കുമ്പോള്‍ പുതിയ മാധ്യമങ്ങള്‍ നിര്‍മ്മിക്കുന്ന പുതിയ ലോകത്തിലെ ജനാധിപത്യത്തിന്‍റെ സാധ്യതകളെ സംബന്ധിച്ച് നാം കാര്യമായി ആലോചിക്കേണ്ടതുണ്ട്.
Comments
വളരെ നല്ലൊരു ലേഖനം ...നമ്മുടെ നാട്ടിലെ യുവത്വവും ഇത് കണ്ടു പഠിക്കട്ടെ ..അഴിമതിക്കെതിരെയും വര്‍ഗീയതക്കെതിരെയും
അവരും സമരം ചെയ്യട്ടെ...ഒരു പാട് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ പറ്റി...താങ്ക്സ് ..
അധിക കാലം ആരേയും അടിച്ചമർത്താൻ ആകില്ല.സകല ശക്തിയും പുറത്തെടുത്ത് ഒരുനാൾ അവർ വരും യുവജനത.
അവസരോചിതമായ കുറിപ്പ്.
വളരെ നല്ലൊരു അവലോകനം.അഭിനന്ദങ്ങള്‍..
യുവരക്തം തിളയ്ക്കേണ്ടത് എവിടെയൊക്കെ എന്തിനൊക്കെ എന്ന് നമുക്ക് പറഞ്ഞു തരുന്നതായിരുന്നു അവിടെ നടന്ന സംഭവ വികാസങ്ങള്‍.
മോഡേണ്‍ ടെക്നോളജി ഏതൊക്കെ വിധത്തില്‍ മോശമായി ഉപയോഗിക്കാം എന്ന വിഷയത്തില്‍ ഗവേഷണം നടത്തുന്ന നമ്മുടെ യുവാക്കള്‍ക്ക് egypt ല്‍ നിന്നും പഠിക്കാനുണ്ട് ഒരുപാട്.
വെഇല്‍ ഗനിം നെ പരാമര്‍ശിക്കാന്‍ വിട്ടു പോയതാണോ?
നല്ല ലേഖനം!
പുതിയ തലമുറ പിടികിട്ടാപ്പുള്ളികള്‍ !
കിട്ടിയ സ്വാതന്ത്ര്യം വച്ചു തുലക്കുന്ന ഞങ്ങളും !
ലേഖനം നന്നായീട്ടോ ..
അഭിനന്ദനങ്ങള്‍ ....
പുതിയ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് യുവത രചിച്ച വീരേതിഹാസം....
ഈ നല്ല കുറിപ്പിനു നന്ദി.
വെഇല്‍ ഗനിമിനെ കുറിച്ച് കൂടുതല്‍ അറിഞ്ഞത് ഇത് എഴുതിയതിനു ശേഷമാണ്.
തികച്ചും അവസരോചിതമായ പോസ്റ്റ്.
വിജ്ഞാനപ്രദം
വിപ്ലവത്തിന്റെ അലയൊലികള്‍ അടങ്ങിയിട്ടില്ല അത് എവിടെയും സംഭവിക്കാം
അഭിനന്ദനങ്ങള്‍